പട്ടിക്കാട്. ദേശീയപാത വാണിയംപാറയിൽ കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. അപകടത്തിൽ നെൻമാറ സ്വദേശിക്കു പരിക്കേറ്റു. അപകടം സംഭവിച്ച ഉടൻ വാഹനത്തിനു തീപിടിക്കാൻ തുടങ്ങിയെങ്കിലും പ്രദേശവാസികളും ഓട്ടോഡ്രൈവർമാരും ചേർന്ന് തീയണച്ചത് വലിയ അപകടം ഒഴിവാക്കി. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്കുപോയ കാർ ദേശീയപാതയിൽ ഗതാഗതനിയന്ത്രണത്തിനായി സ്ഥാപിച്ചിരുന്ന ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
മേൽപ്പാത നിർമാണത്തിനായി റോഡരികിൽ അലക്ഷ്യമായിവച്ചിട്ടുള്ള സ്ലാബുകളിൽ ഇടിച്ച് നിരവധി വാഹനങ്ങൾക്ക് അപകടം സംഭവിച്ചിട്ടുണ്ട്. എന്നിട്ടും യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് വാർഡ് മെന്പർ സനിൽ വാണിയംപാറ പറഞ്ഞു.